പഴശിത്തമ്പുരാൻ

കേരളസിംഹം എന്ന അപൂര്‍വ്വവിശേഷണത്തിനര്‍ഹനായ കേരളവര്‍മ്മ പഴശ്ശിരാജ നമ്മുടെ ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്‍റെയും വീരേതിഹാസങ്ങള്‍ തുന്നിച്ചേര്‍ത്ത സമുജ്വലവ്യക്തിത്വത്തിന്‍റെ ഉടമായാണ്. ബ്രിട്ടീഷ് രേഖകളില്‍ പൈച്ചി രാജയെന്നും കെട്ടിയോട്ട് രാജയെന്നുമാണ് അദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്. വടക്കേമലബാറില്‍ കോട്ടയം രാജകുടുംബാംഗമായിരുന്നു പഴശ്ശിരാജ.

വരിഞ്ഞുമുറിക്കിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പകല്‍കൊള്ളക്കെതിരെ ആദ്യമായും, അതിതീവ്രമായും പോരാട്ടം നടത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ജനമനസ്സുകളില്‍ സൃഷ്ടിച്ചത് പിറന്ന നാടിന്‍റെ വിമോചനം എന്ന മഹത്തായ ആദര്‍ശമായിരുന്നു. പെറ്റമ്മയും, പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് വിശ്വസിച്ച പഴശ്ശിരാജയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദ്യമായി ഭാരതത്തില്‍ ശക്തമായ കലാപത്തിന് തുടക്കമിട്ടത്. കോട്ടയം സ്വരൂപത്തിലെ രാജതേജസ്സായിരുന്ന പഴശ്ശിരാജാവ് തന്‍റെ ജനതയുടെ സമ്പൂര്‍ണ്ണപിന്തുണയോടെ ബ്രിട്ടീഷുകാരുടെ നികുതി പരിഷ്ക്കാരങ്ങളിലെ അശാസ്ത്രീയതയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി.

മൈസൂര്‍ക്കടുവയെന്ന് ചരിത്രം വിളിച്ച ടിപ്പുസുല്‍ത്താന്‍റെ ഭരണമവസാനിച്ചപ്പോള്‍ പഴശ്ശിതമ്പുരാനെ അവഗണിച്ചുകൊണ്ട് കോട്ടയത്തെ നികുതിപ്പിരുവുകള്‍ നിര്‍ത്തിവെച്ച ബ്രിട്ടീഷ് ഭരണകൂടത്തെ അദ്ദേഹം വെല്ലുവിളിച്ചു. 1792 മുതല്‍ പഴശ്ശിയുടെ കലാപങ്ങള്‍ ആരംഭിച്ചു. നാനാജാതിമതസ്ഥരായ ജന്മിമാരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും, വ്യാപാരികളെയും, സംഘടിപ്പിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുവാന്‍ വീരപഴശ്ശിക്ക് സാധിച്ചു. വയനാടിന്‍റെ വനപ്രദേശങ്ങള്‍ പഴശ്ശിത്തമ്പുരാന്‍റെ നിയന്ത്രണത്തിലായതോടെ ബ്രിട്ടീഷുകാര്‍ പരാജയത്തിന്‍റെ കയ്പുനീര്‍ കുടിച്ചുതുടങ്ങിയിരുന്നു.

വയനാട്ടിലെ കുറിച്യപടയുടെയും കുറുമ്പ്രപടയുടെയും സാഹസികതയുടെ ഒളിപ്പോരില്‍ വൈദഗ്ദ്ധ്യവും പഴശ്ശിയുടെ യുദ്ധനീക്കങ്ങള്‍ക്ക് ഇടിമിന്നലിന്‍റെ തിളക്കമേകി. കൈതേരി അമ്പു, തലക്കല്‍ ചന്തു, എടച്ച്യേന കുങ്കന്‍ തുടങ്ങിയ സേനാനായകന്മാര്‍ പഴശ്ശിയുടെ ഇടവും വലവും നിന്ന് ബ്രിട്ടീഷ് പടക്കെതിരെ പോരാട്ടം നടത്തി. പഴശ്ശിയുടെ ഗറില്ലമോഡല്‍ വിപ്ലവപോരാട്ടത്തെ നേരിടാന്‍ കോല്‍ക്കാര്‍ എന്ന വിദഗ്ദ്ധസേനയെ ബ്രിട്ടീഷുകാര്‍ക്ക് നിയോഗിക്കേണ്ടിവന്നു. രക്തരൂക്ഷിതമായ അനേകം യുദ്ധങ്ങള്‍ അരങ്ങേറി. തോമസ് ഹാല്‍വെ ബാസര്‍ എന്ന പട്ടാളഉദ്യോഗസ്ഥനെയാണ് അന്തിമയുദ്ധത്തിനായി ബ്രിട്ടീഷുകാര്‍ നിയോഗിച്ചത് 1805 ന. 30-ന് ആ ദിനം വന്നെത്തി. വാലിലത്തോട് എന്ന സ്ഥലത്തുവെച്ച് പഴശ്ശിരാജാവിന്‍റെ രഹസ്യസങ്കേതം ബ്രിട്ടീഷ്സേന കണ്ടെത്തി. അദ്ദേഹത്തെയും, സഹായികളെയും രക്ഷപ്പെടാനാവാത്തവിധം ബ്രിട്ടീഷ് പട വളഞ്ഞു. കീഴടക്കുവാന്‍ പഴശ്ശിരാജ തയ്യാറായിരുന്നില്ല. ജനപ്രിയനും ധീരനും ദേശപ്രിയനും ആ നാടുവാഴി വജ്രമോതിരം വിഴുങ്ങി പ്രാണനെ സ്വന്തം നാടിന്‍റെ തിരുമുമ്പില്‍ കാണിക്കയായി സമര്‍പ്പിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബ്രിട്ടീഷ്പടയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്ന വ്യാഖ്യാനവും നിലവിലുണ്ട്.

പഴശ്ശിരാജാവിന്‍റെ ധീരബലിദാനത്തിനുശേഷമാണ് വയനാടിന്‍റെ വനമേഖലയും വനവിഭവങ്ങളും ബ്രിട്ടീഷുകാരുടെ അധീനതയിലായത്. പഴശ്ശിക്കി സാഹയമായി നിലകൊണ്ടവരെ ബ്രിട്ടീഷുകാര്‍ നേരിട്ടത് അതിക്രൂരമായാണ്. ചിലരെ നാടുകടത്തി. ചിലരെ മരണപുരിയിലേക്കയച്ചു. പഴശ്ശിരാജാവിന്‍റെ ജീവിതം നമുക്കെന്നും പ്രചോദനസ്രോതസ്സാണ്. ബ്രിട്ടീഷ്സേനക്കെതിരെ പോരാടുവാന്‍ പില്‍ക്കാലത്തീമണ്ണില്‍ പിറന്നുവീണവര്‍ക്ക് പ്രേരണയായത് പഴശ്ശിത്തമ്പുരാന്‍റെ ധീരസ്മരണയായിരുന്നു. സ്വാതന്ത്ര്യസമരത്തിനു ഉണര്‍വേകിയ അപൂര്‍വ്വമായ ഒരു വ്യക്തിത്വം മതജാതിപരിഗണനയില്ലാതെ നടത്തിയ പോരാട്ടം. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിന് അഭികാമ്യമായ ദിശാവ്യതിയാനം നല്കി.

പഴശ്ശിത്തമ്പുരാന്‍റെ സ്മാരകം അദ്ദേഹത്തിന്‍റെ ഭൗതികദേഹം സംസ്കരിച്ച വയനാട് ജില്ലയിലെ മാനന്തവാടിയിലിന്നും ദേശഭക്തിയുടെ പ്രതീകമായി നിലകൊള്ളുന്നു. സര്‍ദാര്‍ കെ.എം. പണിക്കര്‍ രചിച്ച കേരളസിംഹം എന്ന ചരിത്ര നോവലില്‍ വീരപഴശ്ശിയുടെ ഇതിഹാസസമാനമായ ജീവിതം സമ്പൂര്‍ണ്ണമായി ചിത്രീകരിച്ചിട്ടുണ്ട്. തരിക്കില്ല മനം തെല്ലും, പകക്കാരണഭൂമിയില്‍ മരിക്കും ഞാന്‍ നിനക്ക് മംഗളാദര്‍ശദേവതെ എന്നു മന്ത്രിക്യ വീരപഴശ്ശി നമുക്ക് വെളിച്ചം പകരട്ടെ.

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

 

Spread the love with a Social Share