കത്തുന്നവെയില്‍, മണല്‍ ചുട്ടുപഴുത്തപോലെ. ചെരുപ്പുകള്‍ ഊരി ഞങ്ങള്‍ അമ്പലത്തിന്‍റെ കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഹാവൂ… എന്തൊരാശ്വാസം. ഒരു സൈലന്‍റ്വാലി പ്രതീതി. സാക്ഷാല്‍ പ്രകൃതി ഒരുക്കിയ ഒരു എയര്‍കണ്ടീഷന്‍. എന്തൊരു കുളിര്‍മ. തണുത്ത കാറ്റ് ശരീരത്തിലെ വിയര്‍പ്പിനെ ആറ്റിക്കളഞ്ഞു.
നാലുപാടും നാഗപ്രതിമകള്‍. ആയിരക്കണക്കിന് നാഗരൂപങ്ങള്‍. നാഗരാജാവിനേയും നാഗയക്ഷിയേയും തൊഴുതു. ഇനിയാണ് അമ്മയുടെ ദര്‍ശനം.
കേരളത്തിലെ തന്നെ, ഒരുപക്ഷേ ഭാരതത്തില്‍, സ്ത്രീ പ്രധാന പൂജാരി ആയിട്ടുള്ള ക്ഷേത്രസങ്കേതമാണ് മണ്ണാറശ്ശാല. പുരുഷന്മാര്‍ പൂജാരിമാരായിട്ടുണ്ടെങ്കിലും പ്രാധാന്യം ഇവിടുത്തെ അമ്മയ്ക്ക തന്നെ. സത്യത്തില്‍ ക്ഷേത്രദര്‍ശനത്തെക്കാള്‍ പ്രധാനമാണ് അമ്മയുടെ ആശീര്‍വാദം. അതിനുവേണ്ടിയാണല്ലോ ഭക്തര്‍ അലമാലപോലെ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. അമ്മയെക്കാണാനും അനുഗ്രഹം തേടാനും ഞങ്ങള്‍ക്കും ഭാഗ്യമുണ്ടായി.
ആലപ്പുഴജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും വളരെ ദൂരമില്ല പ്രസിദ്ധമായ ഈ വനക്ഷേത്രത്തിലേയ്ക്ക്.
ഐതിഹ്യപ്രകാരം കേരളത്തിന്‍റെ സ്രാഷ്ടാവായ പരശുരാമന്‍ പുതുതായി ഉണ്ടായ കേരളഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. എന്നാല്‍ വന്‍കാടുകളാലും വിഷപ്പാമ്പുകളുടെ ആധിക്യത്താലും മണ്ണിന്‍റെ ഉപ്പുരസത്താലും വാസയോഗ്യമല്ലാത്ത ഈ ഭൂമി ബ്രാഹ്മണര്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. ഇതിന് പരിഹാരം കണ്ടെത്താന്‍ ഭാര്‍ഗവരാമന്‍ പരമശിവനെ തപസ്സു ചെയ്തു. നാഗങ്ങളെ കുടിയിരുത്തി ആരാധിച്ചാല്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന് ഭഗവാന്‍ അരുളിച്ചെയ്തു. ഇതിന്‍പ്രകാരം അദ്ദേഹം കേരളത്തിന്‍റെ തെക്കുഭാഗത്ത് പടിഞ്ഞാറന്‍ തീരത്തായി നാഗാരാധനയ്ക്ക് പറ്റിയ ഒരു സ്ഥലം കണ്ടെത്തി. അവിടെ ഒരു ശാല പണികഴിപ്പിക്കുകയും ചെയ്തു. നാഗരാജാവും മറ്റു നാഗങ്ങളും പ്രസ്തുത സ്ഥലത്തെത്തി തങ്ങളുടെ വിഷം കൊണ്ട് മണ്ണിനെ ഉപ്പുരസത്തില്‍നിന്നും വ്യക്തമാക്കി.
പരശുരാമന്‍ അവിടെ അനന്തന്‍, വാസുകി, സര്‍പ്പയക്ഷി, നാഗയക്ഷി തുടങ്ങിയ പ്രതിഷ്ഠകളും നടത്തി. ഇതിന്‍റെ ചുമതല ഒരു ബ്രാഹ്മണകുടുംബത്തെയാണ് ഏല്‍പ്പിച്ചത്. കുറെക്കാലം കഴിഞ്ഞ് ആ കുടുംബത്തില്‍ കുട്ടികള്‍ ഇല്ലാതെ ഉള്ള ഒരു അവസ്ഥ വന്നുചേര്‍ന്നു. പുത്രനുണ്ടാകുന്നതിന് ആ ദമ്പതികള്‍ പ്രാര്‍ത്ഥനകള്‍ നടത്തിവന്നു. ഇക്കാലത്ത് ഇവിടെ വലിയൊരു അഗ്നിബാധ ഉണ്ടായത്രെ. അനപത്യദുഃഖം അനുഭവിച്ചിരുന്ന ആ ദമ്പതികള്‍ സര്‍പ്പങ്ങളെ അഗ്നിയില്‍നിന്നും തങ്ങളാലാവുന്നവിധം രക്ഷിച്ചു.
കാലം കഴിയവെ ആ അമ്മ ഗര്‍ഭവതി ആയി. അവര്‍ക്ക് പ്രസവത്തില്‍ ഒരു മനുഷ്യശിശുവും ഒരു സര്‍പ്പശിശുവും ഉണ്ടായി. മനുഷ്യശിശു ഇല്ലത്തെ അനന്തരാവകാശിയായി. സര്‍പ്പശിശുവാകട്ടെ ഇല്ലത്തെ നിലവറയില്‍ വാസമുറപ്പിച്ചു. അമ്മയാണെങ്കില്‍ ബ്രഹ്മചര്യം സ്വീകരിച്ച് നാഗങ്ങളെ പൂജിച്ചും ഭക്തരെ അനുഗ്രഹിച്ചും കഴിഞ്ഞുവന്നു. ഇതേ പിന്തുടര്‍ച്ചയാണ് ഇപ്പോഴും ഇവിടെ നടന്നുവരുന്നത്.
കെ. കെ. ശ്രീവിദ്യ, എണ്ണക്കാട്