ആലപ്പുഴയില്‍ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര എന്ന ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് ഇവിടത്തെ പ്രസിദ്ധമായ ദേവിക്ഷേത്രത്തിന്റെയും ഭരണിയുത്സവത്തിന്റെയും പേരിലാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ഭരണി നാളിലാണ്.
കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. മരത്തില്‍ നിര്‍മ്മിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയുമുണ്ടാവും. ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം ഓരോ ഭാഗത്ത് അവയെ അണി നിരത്തി നിറുത്തും. ജാതി-മത-ഭേദ ചിന്തകള്‍ കൂടാതെയുള്ള വിശ്വാസികളുടെ പങ്കാളിത്തം ചെട്ടികുളങ്ങര ഭരണിയുടെ വിശേഷതയാണ്.
ക്ഷേത്രമുന്നില്‍ പതിമൂന്നുതട്ടുള്ള ആല്‍വിളക്ക്. ആയിരത്തിയൊന്ന് തിരികള്‍ കത്തുന്ന ഈ വിളക്കിന്റെ തട്ടുകള്‍ ഓരോന്നും ഓരോ കരകളെ പ്രതിനിധീകരിക്കുന്നുവെന്ന് സങ്കല്‍പം. ചെമ്പുമേഞ്ഞ നാലമ്പലത്തിന്റെ നടവാതിലും ക്ഷേത്രഭിത്തികളിലും മനോജ്ഞമായ ശില്‍പങ്ങള്‍. ശ്രീകോവിലില്‍ ഭഗവതി-ഭദ്രകാളി, ദാരു വിഗ്രഹം. മൂലബിംബം-കണ്ണാടി വിഗ്രഹം. കിഴക്കോട്ട് ദര്‍ശനം. ഉപദേവന്മാരായി വടക്കേനടയിടല്‍ ബാലകനും അകത്തും പുറത്തും ഗണപതിയുമുണ്ട്. വലതുവശത്ത് യക്ഷിയും കളത്തട്ടോട് ചേര്‍ന്ന് പടിഞ്ഞാറ് മുഹൂര്‍ത്തിയും മൂലസ്ഥാനത്തിനു പുറകിലായി രക്ഷസുമുണ്ട്. തേവാരമൂര്‍ത്തിയും കണ്ണമ്പള്ളി ഭഗവതിയും തെക്കു പടിഞ്ഞാറുഭാഗത്തും ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേ കോണില്‍ നാഗരാജാവും നാഗയക്ഷിയും പിന്നിലായി സര്‍പ്പക്കാവുമുണ്ട്.
പണ്ട് ചെട്ടികുളങ്ങരയില്‍ നിന്നും നാലുപേര്‍ അതിനടുത്തുള്ള കൊയ്പള്ളി കാരാഴ്മ ക്ഷേത്രത്തിലെ ഉത്സവത്തിനുപോയി. ഇവര്‍ ചെമ്പോലി, മേച്ചേരി, മങ്ങാട്ട്, കാട്ടൂര് എന്നീ തറവാട്ടില്‍പ്പെട്ടവരായിരുന്നു. ഉത്സവസ്ഥലത്തുവച്ച് അവിടത്തുകാരില്‍ ചിലര്‍ ഇവരെ കളിയാക്കി. തങ്ങള്‍ക്കും ഉത്സവം കാണാന്‍ ഒരു ക്ഷേത്രമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു എന്നവര്‍ക്കു തോന്നി. ആ ദു:ഖഭാരത്തോടെയാണ് അവര്‍ കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടത്. അവര്‍ അവിടെ ഭജന മിരുന്നു. പ്രതൃക്ഷയായ ഭഗവതി ഇവിടേക്കുവരികയും ഇപ്പോഴത്തെ ക്ഷേത്രത്തിനു തെക്കുവശത്തുള്ള ഇല്ലം മേഞ്ഞുകൊണ്ടിരുന്നവര്‍ക്കൊപ്പം കഞ്ഞിയും മുതിരപുഴുക്കും കഴിക്കുകയും അതിനുശേഷം അപ്രതൃക്ഷയാവുകയായിരുന്നുവെന്നും ഐതിഹ്യം.
ദേവീ സാന്നിധ്യം ബോധ്യമായതോടെ അവിടെ ക്ഷേത്രവും ഉയര്‍ന്നു. ക്ഷേത്രത്തില്‍ മൂന്നുനേരം പൂജ. ചാന്താട്ടവും കുത്തിയോട്ടവും പ്രധാന വഴിപാടുകള്‍. അതുപോലെ അര്‍ച്ചനയും തുലാഭാരവും തുടങ്ങി നിരവധി വഴിപാടുകള്‍ വേറെയുമുണ്ട്. തേക്കിന്‍ തടിയില്‍ നിന്നെടുക്കുന്ന ദ്രാവകം ഒന്‍പതു കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജാസമയത്ത് ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചാന്താട്ടം. ദിവസന്തോറും ഏഴും എട്ടും ചാന്താട്ടം വഴിപാട് നടക്കാറുണ്ട്. മകരഭരണിനാളില്‍ അവസാനിക്കാത്തവിധം സപ്താഹയജ്ഞവും സമൂഹസദ്യയും ഉണ്ടാകും. കൂടാതെ പ്രതിമാസ ഭാഗവതപാരായണവും നടക്കും. ഇതെല്ലാം സനാതനധര്‍മ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പരിപാടികളാണ്.
വൃശ്ചികമാസം പിറന്ന് ഭരണിയായാല്‍ ചെട്ടികുളങ്ങരയില്‍ ഉത്സവമായി. വൃശ്ചികഭരണിക്ക് കൈവെള്ളയിലാണ് എഴുന്നെള്ളത്തെങ്കില്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതിവരെ ജീവതയിലാണ്. മകരത്തിലെ ഭരണി കഴിഞ്ഞുവരുന്ന മകയിരം നാളിലാണ് കൈനീട്ടപ്പറ. ഈ ഏകപറ ചെമ്പോലില്‍ തറവാട്ടില്‍ നിന്നാണ്. പൂയം മുതല്‍ പറയ്ക്കെഴുന്നെള്ളിപ്പാകും. പറയെടുപ്പ്, അന്നദാനം, പുരാണപാരായണം തുടങ്ങിയവ ഭക്തിനിര്‍ഭരമായ ചടങ്ങുകളാകാന്‍ നേതൃത്വം നല്‍കുന്നത് ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ്. കുംഭ ഭരണി നാളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം. പത്തുവയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളാണ് കുത്തിയോട്ടക്കാര്‍. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടിയുടെ വ്രതാനുഷ്ഠാനം തുടങ്ങും. ആരാണോ കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്നത് അവരുടെ തറവാട്ടുമുറ്റത്ത് പാട്ടും ചുവടും വയ്ക്കുന്ന ചടങ്ങുണ്ട്. ചുവന്ന പട്ടുടുത്ത് മാലയണിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് കുത്തിയോട്ടകാരന്റെ ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്. ഈ ദിവസങ്ങളിലെല്ലാം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുമുണ്ട്. ഈ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ചെട്ടിക്കുളങ്ങര അമ്മ ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ഇവിടത്തെ ഭക്ഷണം ആരും നിരസിക്കാറില്ല. ആ സമയത്ത് ആര്‍ക്കും ഇല്ലെന്നു പറയാറുമില്ല. കൂടാതെ നിത്യവും ക്ഷേത്രത്തില്‍ അന്നദാനവുമുണ്ട്. ചെട്ടികുളങ്ങര ഭരണിക്ക് കെട്ടുകാഴ്ചകൊണ്ട് വിശ്വപ്രശസ്തി. വലിയ എടുപ്പുകുതിരകളും തേരുകളും ഉരുളുന്ന ദൃശ്യം ആരെയും ആകര്‍ഷിക്കും.
ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്ക്കാവ് എന്നീ കരക്കാരുടെ വകയായി കുതിരകളും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍, ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീ കരകളില്‍ നിന്ന് തേരും മറ്റും വടക്ക് കരക്കാരുടെ ഭീമനും മറ്റും തെക്ക് കരയുടെ ഘടോര്‍ക്കജനുമാണ് കെട്ടുകാഴ്ചകളില്‍ പ്രധാനം. ആഞ്ഞിലിപ്രകരക്കാരുടെ തേര് ക്ഷേത്രാങ്കണത്തില്‍ വച്ചാണ് കെട്ടുക. ബാക്കിയെല്ലാം അതാതു കരകളില്‍ വച്ചു കെട്ടി ആഘോഷത്തോടെ ക്ഷേത്രത്തിലെത്തും. വൈകിട്ട് ഏഴുമണിയോടെ വയലില്‍ കാഴ്ചയ്ക്ക് തയ്യാറാകും. വെളുപ്പിന് രണ്ടുമണിയോടെ ഭഗവതി ഓരോ കരക്കാരുടെയും ഊരുക്കളുടെ മുമ്പില്‍ എഴുന്നെള്ളി തിരിച്ച് അവരുടെ കരകളിലേക്ക് മടങ്ങിപോകും. ഇത് കുംഭ ഭരണി വിശേഷം. കുംഭ ഭരണി കഴിഞ്ഞ് പത്തുദിവസത്തിനുശേഷം ഓരോ കരക്കാരുടെയും പതിമൂന്നു ദിവസത്തെ എതിലേല്‍പ്പ് മഹോത്സവം വിവിധ പരിപാടികളോടെ നടക്കും. ഈ ദിവസങ്ങളിലെല്ലാം തോറ്റം പാട്ടുണ്ടാകും. മീനമാസത്തിലെ അശ്വതിക്ക് ഈ പതിമൂന്നുകരകളിലും പ്രാന്തപ്രദേശങ്ങളില്‍ നിന്ന് കുട്ടികളുടെ വഴിപാടായി തേര്, കുതിര തുടങ്ങിയ വിവിധ രൂപങ്ങള്‍ ഉച്ചയ്ക്കുശേഷം വയലില്‍ എത്തിചേരും. അശ്വതിക്ക് ഉത്സവ സമാപനം. ഭരണിക്ക് ക്ഷേത്രം അടക്കും.