എം.എ. സാറിനെക്കുറിച്ച് ചിരകാല സഹയാത്രികന്‍ പി. നാരായണക്കുറുപ്പ് എഴുതിയ കവിത.
ദേവവാണി ഹൃദയത്തില്‍, എങ്കിലും
നാവിലെത്തുവതു നാട്ടു നന്മൊഴി
സേവനൈകമതി, യോഗി, അംശുകം
കാവിയല്ല, ധവളം, ഹിമോപമം.
വിസ്തരല്‍ പ്രകടനങ്ങളല്ല, തന്‍-
വൃത്തിയാണ് സഹജര്‍ക്കു മാതൃക
ദുസ്തരം വഴികള്‍ പിന്നിടുമ്പൊഴും
ശ്രദ്ധ പിന്നില്‍ വരുവോരിലര്‍പ്പിതം
ഉത്തമം ഫലസമൃദ്ധി കാണ്‍കിലും
വിശ്രമിപ്പതിനു തോന്നിടാത്തവന്‍
കുട്ടികള്‍ ശലഭ പംക്തിയെക്കണ-
ക്കുത്തമാശയമൊരോന്നു കാണുവോന്‍
വന്ദനീയ ഗുരുവിന്റെ മട്ടിലാ-
ണന്നുമിന്നും അനുശാസനം നിജം
അന്തികത്തൊരു സതീര്‍ഥ്യനെന്നപോല്‍
മന്ദമായ് മധുരഭാഷണം ദൃഢം
എമ്മെ എന്നഭിധ കൃഷ്ണനെന്നു ത-
ന്നുണ്‍മ, കാക്കുവതു ബാലഗോകുലം
ദുര്‍ദ്ദശാ തരണയജ്ഞമാണു നിര്‍-
ദ്ദിഷ്ട കര്‍മവഴി എന്നറിഞ്ഞവന്‍.
ഹാസമുള്ളതു പുറപ്പെടുന്നതോ
ലേശമാം ചിരിയില്‍, ഒറ്റവാക്കിലും
വാശിയുള്ളതു കലാതപസ്യയില്‍,
ദേശമേ തനതു തീര്‍ഥയാത്രയില്‍.
ഹിന്ദു സംസ്‌കൃതി സഹസ്രദീപമായ്
വന്നു വെട്ടമരുളീടവേ ഭവാന്‍
ഓരമാര്‍ന്നിഹ ഗമിക്കിലും സദാ
ഭാരതീയരുടെ മുമ്പിലല്ലയോ!
കടപ്പാട് : ജന്മഭൂമി ദിനപ്പത്രം