1988 ല്‍ ആണ് ബാലഗോകുലത്തിന്റെ പൂര്‍ണ്ണസമയപ്രവര്‍ത്തകനാവുന്നത്. ബാലഗോകുലത്തിന്റെ വടകര ജില്ലാസംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ.സന്തോഷ് കുമാറായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. സംഘപ്രചാരകനാവാന്‍ കൊതിച്ചിരുന്ന എന്നെ അദ്ദേഹം ബാലഗോകുലത്തിന്റെ അന്നത്തെ അദ്ധ്യക്ഷന്‍ സി.ശ്രീധരന്‍ മാസ്റ്ററെ പരിചയപ്പെടുത്തി. വടകര ജില്ലയില്‍ ഏതൊങ്കിലുമൊരു താലൂക്കില്‍ പ്രവര്‍ത്തിക്കാം എന്നതായിരുന്നു ഞാനും സന്തോഷേട്ടനും തമ്മിലുള്ള ധാരണ. ഡിഗ്രി പരീക്ഷ എഴുതി ഉടന്‍ റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ഞാന്‍ വീട് വിട്ടിറങ്ങി. ഏപ്രില്‍ മുതല്‍ ഞാന്‍ കോഴിക്കോട് മാധവകൃപയിലെ എം.എ.സാറിന്റെ മുറിയില്‍ താമസമാക്കി. എം.എ.സാര്‍ അന്ന് എറണാകുളം മാധവനിവാസില്‍ വിശ്രമത്തിലായിരുന്നു. എറണാകുളത്തു വെച്ചു നടക്കുന്ന ഒരു ബൈഠക്കില്‍ പങ്കെടുക്കുന്നതിന് മെയ് മാസം പി.കെ.ബാബുരാജേട്ടനോടൊപ്പം മാധവനിവാസില്‍ ചെന്നപ്പോഴാണ് ഞാനാദ്യമായി എം.എ.സാറിനെ പരിചയപ്പെടുന്നത്. അതിന് മുമ്പൊരിക്കല്‍ എന്റെ നാട്ടില്‍ ഒരു സംഘപരിപാടിയില്‍ പങ്കെടുക്കാന്‍ എം.എ.സാര്‍ വന്നിട്ടുണ്ട്. പക്ഷെ അതൊരു അടുത്ത പരിചയപ്പെടലായിരുന്നില്ല. എറണാകുളത്ത് വെച്ച് കണ്ടപ്പോള്‍ വളരെക്കാലം പരിചയമുള്ള ഒരാളോടെന്നപോലെ എം.എ.സാര്‍ സംസാരിച്ചു തുടങ്ങി.
– സി.കെ.ബാലകൃഷ്ണന്‍ – |
സ്വതവെ ഉള്‍വലിഞ്ഞു നിന്നിരുന്ന എനിക്ക് ഇതൊരത്ഭുതമായിരുന്നു. സംഘടനയെകുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ എനിക്കൊന്നുമറിയില്ലായിരുന്നു. പതുക്കെ പതുക്കെ അതെല്ലാം എം.എ.സാറിലൂടെ എന്നിലേക്കൊഴുകി. ഒരു പ്രവര്‍ത്തകനെ എങ്ങിനെയാണ് വളര്‍ത്തേണ്ടത് എന്നത് എം.എ.സാറിന്റെ ഓരോ ചെറിയ പ്രവര്‍ത്തികളില്‍ പോലും നിഴലിച്ചിരുന്നു.
വടകര ജില്ലയില്‍ ഏതെങ്കിലും ഒരു താലൂക്കില്‍ പ്രവര്‍ത്തിക്കാം എന്ന് നിശ്ചയിച്ചിരുന്ന ഞാന്‍ കോട്ടയത്തേക്ക് നിശ്ചയിക്കപ്പെട്ടു. അന്നത്തെ ബൈഠക്ക് മാധവനിവാസിനു തൊട്ടടുത്തുള്ള ഒരു ഹാളില്‍ വെച്ചായിരുന്നു. ബാലഗോകുലത്തിന്റെ സംസ്ഥാന പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും ഒരു ദിവസം കഴിഞ്ഞു.
അന്നത്തെ ചര്‍ച്ചകളും ചിന്തകളും എന്തായിരുന്നു എന്നത് എനിക്ക് മനസ്സിലായിരുന്നില്ല. സൂക്ഷമമായ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. എല്ലാറ്റിനും അന്തിമവാക്കായി എം.എ.സാറും. തന്റെ കട്ടികണ്ണടക്കുള്ളിലൂടെയും ചിലപ്പോള്‍ പുറത്തുകൂടെയും തന്റെ കയ്യിലിരുന്ന തടിച്ച ഡയറിയില്‍ നോക്കിയും നോക്കാതെയും എം.എ.സാര്‍ സംസാരിച്ചുകൊണ്ടിരുന്നു. ആ ബൈഠക്കിനൊടുവില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ എന്നെ കോട്ടയം ജില്ലയിലേക്ക് എം.എ.സാര്‍ പ്രഖ്യാപിച്ചു.
ഒട്ടും പരിചിതമല്ലാതിരുന്ന കോട്ടയം ജില്ലയില്‍ ഞാനെങ്ങനെ പിടിച്ചു നിന്നു എന്ന് ഇന്നും അത്ഭുതം തോന്നാറുണ്ട്. ആദ്യ ആറു മാസത്തിനിടയില്‍ മൂന്നിലധികം തവണ ഞാന്‍ തിരിച്ചു പോവുകയാണ് എന്ന് തീരുമാനിച്ചിട്ടുണ്ട്. അന്നെല്ലാം കോട്ടയം മേഖല ചുമതലയുണ്ടായിരുന്ന ശശിചേട്ടനെ ഞാനീക്കാര്യം അറിയിക്കാറുണ്ടായിരുന്നു. ഓരോ തവണയും ശശിച്ചേട്ടന്‍ സ്‌നേഹപൂര്‍വ്വം എന്നെ ബാലഗോകുലപ്രവര്‍ത്തനത്തിലക്ക് തിരികെ നടത്തി. എം.എ.സാറാവട്ടെ ഞാനിങ്ങനെ ഒരു കാര്യം ഉന്നയിച്ചതായി ഭാവിച്ചതേയില്ല.
ഓരോ തവണയും മാധവനിവാസില്‍ പോയി തിരികെ കോട്ടയത്തേക്ക് തിരിക്കുമ്പോഴും ഞാന്‍ എന്റെ തീരുമാനം മാറ്റികൊണ്ടിരുന്നു. പിന്നീടൊരുകാര്യം എനിക്ക് ബോധ്യമായി. ഓരോ പ്രാവശ്യവും ഞാന്‍ എം.എ.സാറിനെ കാണുമ്പോഴും ഞാന്‍ കൂടുതല്‍ കൂടുതല്‍ സംഘടനയോട് അടുത്തുകൊണ്ടിരുന്നു. ഒരു സംഘടനയോട് ചേരുന്നതും എം.എ.സാറിന് ശിഷ്യപ്പെടുന്നതും ഒന്നു തന്നെയായിരുന്നു.
പ്രവര്‍ത്തകരെ ആദര്‍ശാത്മകമായി വളര്‍ത്തിയെടുക്കുന്ന കല എം.എ.സാറിന് സ്വന്തമാണ്. എത്രയെത്ര മുഹൂര്‍ത്തമാണ് ഓരോ പരിപാടി വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അതു അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നല്ല രീതിയില്‍ നടന്ന പരിപാടിയെകുറിച്ച് സംസാരിക്കുമ്പോള്‍ മനസ്സറിഞ്ഞ് അഭിനന്ദിക്കുന്ന എം.എ.സാറിന്റെ നിര്‍ദ്ദോഷമെന്ന് തോന്നോവുന്ന ചില ചോദ്യങ്ങള്‍ ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും പുറത്തേക്ക് കൊണ്ടുവരും.
വിജയിയുടെ അഹങ്കാരത്തെ ഒന്നുകൊട്ടാനും ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൊണ്ടുവരാനും കൂടുതല്‍ ശ്രദ്ധയോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ഈ ചോദ്യങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല പ്രചോദനം നല്‍കുന്ന ഒരു വിലയിരുത്തല്‍ കൂടിയാവുന്ന ഈ ചോദ്യങ്ങള്‍. പരാജയങ്ങള്‍ക്കും ഇതു തന്നെയാണവസ്ഥ. ഓരോ പ്രവര്‍ത്തകന്റെയും ചുറ്റുപാടുകളും സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന എം.എ.സാറിന് ഓരോരുത്തരെയും എങ്ങിനെ സമീപ്പിക്കണമെന്ന് അറിയാം. അവിടെയായിരുന്ന ഞാനുള്‍പ്പെടയുള്ള ബാലഗോകുലം പ്രവര്‍ത്തകര്‍ തോറ്റുപോയത്.
കേരളത്തിന്റെ ഓരോ മുക്കും മൂലയും കൃത്യമായി പഠിച്ചിരുന്ന എം.എ.സാറിന് ഓരോ പ്രദേശത്തെയും സാമൂഹ്യാവസ്ഥയും സാംസ്‌കാരികനിലവാരവും അളന്നെടുക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഓരോ പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങളും കൃത്യമായിരുന്നു.
സംഘടന എന്നത് എം.എ സാറിന് തന്റെ ആത്മാവില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നില്ല. വളരെ ഗുരുതരമായ രോഗാവസ്ഥയില്‍ എറണാകുളത്തെ സുകൃതീന്ദ്ര ഹോസ്പിറ്റലില്‍ എം.എ.സാറിനെ കാണാന്‍ പോയത് ഓര്‍ക്കുന്നു. സന്ദര്‍ശകര്‍ക്ക് കര്‍ശനമായ വിലക്കുണ്ടായിരുന്നു. സംസാരിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നിട്ടും പതിഞ്ഞ സ്വരത്തില്‍ പാലക്കാട് നിശ്ചയിച്ചിരുന്ന ശിബിരത്തെക്കുറിച്ച് എം.എ.സാര്‍ ചോദിച്ചറിഞ്ഞു. ഈ സംഭവം എന്റെ മനസ്സില്‍ ഏറെ ചലനമുണ്ടാക്കി. ഒരു മഹാത്ഭുതം പോലെ ഞാന്‍ എം.എ.സാറിന് കാണാന്‍ തുടങ്ങി.
പൂര്‍ണ്ണസമയപ്രവര്‍ത്തകനായിരുന്ന സമയത്തു മാത്രമല്ല അതിനു ശേഷവും എന്‍െ വ്യക്തിപരമായ ജീവിതം എം.എ.സാര്‍ ശ്രദ്ധിച്ചിരുന്നു. ഒരു പിതാവിനെപോലെ സംഘടനയുടെ പരുപരുത്തതലത്തിനപ്പുറം സ്‌നേഹത്തിന്റെ ഒരു വലിയ ലോകം എം.എ.സാര്‍ ഓരോ പ്രവര്‍ത്തകര്‍ക്കും സമ്മാനിച്ചു. ഈ ആര്‍ദ്രത അനുഭവിച്ച ഒരാളും തന്റെ മനസ്സില്‍ സാറിന് ഒരിടം കൊടുക്കാതിരിക്കില്ല. ഒരാളെ വേണ്ടന്ന് വയ്ക്കുകയാണ് എം.എ.സാറിന് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൊതുവെ പലര്‍ക്കും അനഭിമാനിതരായിരുന്നവരെ പോലും എം.എ.സാര്‍ തന്റെ വലിയ കുടക്കീഴില്‍ നിര്‍ത്തി. അതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട് അദ്ദേഹത്തിന്. സംഘകാര്യമെന്ന നിലക്കാണ് എം.എ.സാര്‍ ബാലഗോകുലം പ്രവര്‍ത്തനം തുടങ്ങിയതും ഇന്നും തുടരുന്നതും. സംഘസ്ഥാപകനെക്കുറിച്ച് പറയാറുള്ളതുപോലെ എം.എ.സാറും ഓരോ നിമിഷവും സംഘടനയെ കുറിച്ച് മാത്രം ചിന്തിച്ചു. ആ ചിന്ത വളരെ വേഗത്തിലായിരുന്നു. അതുകൊണ്ടുതന്നെ ബാലഗോകുലത്തിന് നിരവധി ഉപപ്രവര്‍ത്തനങ്ങളുണ്ടായി.
ഓരോന്നും ഓരോ ബൃഹദ് പ്രവര്‍ത്തനങ്ങളാണ്. ഓരോന്നിന്ക്കുറിച്ചും എം.എ.സാറിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാംസ്‌കാരിക കേരളത്തെകുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ട്. നാളെ എന്താവുമെന്ന ക്രാന്തദര്‍ശിത്വമുള്ള ഋഷിയാണദ്ദേഹം. ശ്രീകൃഷ്ണജയന്തി മുതല്‍ ശ്രീകൃഷ്ണകേന്ദ്രം വരെ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നുയിര്‍ കൊണ്ടതാണ്. കേരളത്തിലെ സാംസ്‌കാരികനായകന്മാരെയും പണ്ഡിതന്മാരെയും സാഹിത്യകാരന്മരെയും സാധാരണക്കാരെയുമെല്ലാം ദേശീയ നവോത്ഥാന പ്രവര്‍ത്തനത്തില്‍ അണി ചേര്‍ക്കാനുള്ള ആര്‍ജ്ജവമുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ന് നവതിയിലെത്തി നില്‍ക്കുമ്പോഴും ഈ ചിന്തകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ഒട്ടും വേഗത കുറഞ്ഞിട്ടില്ല. മാധവ നിവാസിലെ നാലു ചുമാരുകള്‍ക്കുള്ളില്‍ നിന്നും ആ ഊര്‍ജ്ജപ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു.