പൂര്‍വ്വജന്മാര്‍ജിതമായ പുണ്യം പുരുഷാകാരം പൂണ്ടപ്പോള്‍ ഈ മലനാട് വിനയാന്വിതമായി വിളിച്ച നാമം..ഗതകാലസഹനങ്ങളുടെ മഹാമേരു കയറിയ കര്‍മ്മസൂര്യന്‍. നിരാസത്തിന്റേയും നീരസത്തിന്റേയും നിന്ദാസ്തുതികളുടെയും ജാലകകാഴ്ചകളോട് പിന്‍തിരിഞ്ഞ് നിന്ന ഭാവശില്‍പി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസരചനയില്‍ ഭാരതരാഷ്ട്രഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ രാഷ്ട്രീയ സ്വയംസേവകസംഘം സമര്‍പ്പിച്ച എം.എ.കൃഷ്ണനെന്ന നമ്മുടെ സ്വന്തം എം.എ സാര്‍. ആര്‍ഷം, ദൈവികം, മാനുഷികം എന്നീ ത്രിഗുണങ്ങളാല്‍ സംഭൂതനായ ഋഷി. ബാലഗോകുലത്തിന്റെ കൃഷ്ണമഹര്‍ഷി. ഒപ്പം സഹ്യസാനുപരിശോഭിതമായ കേരളത്തിന്റെയും.
– എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ – |
കേരളനാടിന്റെ തലവിധി മാറ്റാന്‍ പിറവിയെടുത്ത ബാലഗോകുലവും അനുബന്ധ ശാഖകളും തപസ്യയും ഈ ക്രാന്തദര്‍ശിയുടെ കര്‍മ്മകുശലതയാല്‍ സൗരഭ്യം ചൊരിഞ്ഞപ്പോള്‍ ലക്ഷോപലക്ഷം കണ്ഠങ്ങളില്‍ നിന്ന് പുറത്ത് വന്ന ഗദ്ഗദാക്ഷരങ്ങളില്‍ ഈ നാടിന്റെ മൊഴിച്ചന്തവും ദേശബോധവും ത്രസിച്ചിരുന്നു. ദ്വാപരയുഗത്തിലെ നിതാന്ത വിസ്മയമായ അമ്പാടിക്കണ്ണനെ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ പുന:പ്രതിഷ്ഠ നടത്തിക്കൊണ്ട് അഭിനവ ഭഗീരഥനാകാന്‍ എം.എ സാറിനായി. കാലം കരുതിവെച്ച അനിവാര്യ ധര്‍മ്മത്തിന്റെ ആകസ്മിക വിനിമയമാണ് എം.എ സാറെന്ന കര്‍മ്മപടുവിന്റെ വീക്ഷണലോകത്തേക്ക് കടന്നുവന്നത്. പരുക്കന്‍ സാഹചര്യങ്ങളില്‍ പോലും പതിഞ്ഞശബ്ദത്താല്‍ അനുസ്യൂതമായി സംവദിക്കാന്‍ എം.എ സാറിനായി. ഈ ശബ്ദത്തിലെങ്ങും ദിഗന്തങ്ങളെ ഭേദിക്കാന്‍ പോന്ന അട്ടഹാസങ്ങളില്ല, ആക്രോശങ്ങളില്ല, പ്രബോധനങ്ങളില്ല, ബുദ്ധിയുടെ മൂര്‍ദ്ധാവില്‍ തത്തിക്കളിക്കുന്ന യുക്തി ജലപ്‌നങ്ങളില്ല. ഉള്ളതോ സാമാന്യവല്‍ക്കരിക്കപ്പെട്ട ശുദ്ധമാനവികതയുടെ നേര്‍മ്മയുള്ള മൊഴികള്‍ മാത്രം. ആ മൊഴിവഴക്കം ഹൃദയാലുക്കളെയും സഹൃദയന്മാരെയും ഒപ്പം കൂട്ടി. ഉപചാരം ചൊല്ലിപിരിയാന്‍ ആരും എത്തിയിരുന്നില്ല. എത്തിയവരോ അദൃശ്യമായ സ്‌നേഹച്ചരടാല്‍ ബന്ധിതരായി കാലങ്ങളോളം ഉപകാരസ്മരണയോടെ ഒപ്പം കൂടിയവരും പ്രചണ്ഡമായ ഹിന്ദുനവോത്ഥാനത്തിന് വീഥിയൊരുക്കാന്‍ ഭാരതമക്കളുടെ അകക്കാമ്പില്‍ വന്ദ്യജനനീ ഭാരതത്തിന്റെ ധീരചരിതം ആലേഖനം ചെയ്തുകൊണ്ട് മഹാപ്രവാഹമായി മാറിയ സംഘപഥത്തില്‍ നിഷ്ണാതനെങ്കിലും എം.എ സാര്‍ തന്റെ ഇത്തിരിവെട്ടത്തില്‍ മലയാണ്മയുടെ മഹനീയഭാവം പകര്‍ത്താനാണ് അധികം ആശിച്ചതും ശ്രമിച്ചതും. തനിക്ക് അപ്രാപ്യമെന്ന് തോന്നിയ ഒരു പടവും കയറി ക്ഷീണിതനാകാനോ ആള്‍ക്കൂട്ടത്തെ മസ്തിഷ്‌കപ്രക്ഷാളനം നടത്താനോ ആ മനീഷി ആശിച്ചിട്ടില്ല. തന്റേതായ ഒരു സദസ്സും വിളിച്ച് ചേര്‍ക്കുകയോ ചേരുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അനേകം ചെറുസദസ്സുകളില്‍ സ്വയം ആഗതനായി. അത് കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ പുതിയ രചന നടത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
എം.എ സാറിലെ നിശബ്ദപ്രവര്‍ത്തകനെ പ്രചാരകനെ പലഘട്ടത്തിലും ഞാന്‍ മാറിനിന്ന് നിരീക്ഷിച്ചിട്ടുണ്ട്. പരമപൂജനീയ ശ്രീരാമപരമഹംസദേവനോട് ഒട്ടാകെ സാദൃശ്യം തോന്നിയ നിമിഷങ്ങളുണ്ട്. ശ്രീരാമദേവന്‍ കടല്‍ താണ്ടിയിട്ടില്ല. സഭാതലങ്ങളില്‍ പ്രസംഗിച്ച് കോരിതരിപ്പിച്ചിട്ടില്ല. സംവാദസദസ്സുകളില്‍ പ്രബോദനം നടത്തിയിട്ടില്ല, സന്യാസി സംഘം സ്ഥാപിച്ചിട്ടില്ല.
ഭാരതനാടിന്റെ ആത്മസത്തയെ ഉണര്‍ത്താന്‍ ഒരിടത്തും ഓടി നടന്നില്ല. ഗ്രന്ഥരചന നടത്തി പണ്ഡിതലോകത്ത് വിസ്മയം തീര്‍ത്തിട്ടില്ല. എന്നാല്‍ അതെല്ലാം അദ്ദേഹം ചെയ്തുവെന്നതാണ് അത്ഭുതം. ചിക്കാഗോയിലെ സമ്മേളനവേദിയില്‍ തന്റെ അരുമശിഷ്യനെകൊണ്ട് മഹിതഭാരതത്തിന്റെ മഹാവൈഭവം പെയ്തിറങ്ങിയ മുഹൂര്‍ത്തം ആശ്ചര്യകരമായിരുന്നല്ലോ. ഏതാണ്ട് അഞ്ച് ദശകത്തിലേറെയായി എം.എ സാര്‍ തന്റെ നിശബ്ദ നിരീക്ഷണത്തിലൂടെ വളര്‍ത്തിയെടുത്ത ആയിരമായിരം ശിഷ്യഗണങ്ങള്‍ ഈ മഹത്തായ സംസ്‌കൃതിയെ ഉരുവേറ്റാന്‍ ദത്തശ്രദ്ധരായി ലോകത്തെമ്പാടും ഉണര്‍ന്നിരിക്കുന്നില്ലേ. ഗുരുവിന്റെ ശബ്ദമായിരുന്നു വിവേകാന്ദ വാണിയിലൂടെ ലോകം കേട്ടത്. എഴുപതുകളില്‍ മുളപൊട്ടി സൗരഭ്യം പരത്തിയ ബാലഗോകുലം ഇന്ന് ലോകത്ത് ഏതാണ്ട് എല്ലാ ജനപഥങ്ങളിലും സാന്നിധ്യമറിയിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരു നിഷ്‌കാമയോഗിയെപ്പോലെ എം.എ സാര്‍ ജനമനസ്സുകളില്‍ ഉയരുകയാണ്.
എഴുത്തുകാര്‍ പലരും എം.എ സാറിനെ എത്ര അവധാനത്തോടെയാണ് നോക്കിക്കാണുന്നത്. തര്‍ക്കശാസ്ത്രം പഠിച്ച എം.എ സാര്‍ തര്‍ക്കിക്കുന്നത് കണ്ടിട്ടില്ല. തര്‍ക്കത്തില്‍ ആളുകളെ തോല്‍പിക്കാനേ കഴിയൂ. അവരെ വീണ്ടെടുക്കാനാവില്ല. തര്‍ക്കത്തിനും യുക്തിക്കും കടന്ന് ചെയ്യാനാവാത്ത സ്‌നേഹത്തിന്റേയും കരുതലിന്റേയും ആജ്ഞാശക്തി എം.എ സാറിനുണ്ട്. എം.എ സാറിന്റെ കരുത്തും കാതലും അതു തന്നെയാണ്. ഈ എണ്‍പൊത്തിയൊമ്പതാം വയസ്സിലും കര്‍മ്മകുശലനാണ് അദ്ദേഹം. സൗമ്യവും ദീപ്തവും ചെറുപുഞ്ചിരിയോടെ കാഷായം ധരിക്കാത്ത ഈ സന്യാസി സദാ ജാഗ്രതനായിരിക്കുന്നു. പി.എസ്.സിയുടെ മുന്‍ ചെയര്‍മാനും, സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍ അഭിമാന നിര്‍ഭരമായി ഇങ്ങനേ പറയുമ്പോള്‍ അഞ്ജലീബന്ധരാകുന്നത് എം.എ സാര്‍ ജന്മംകൊടുത്ത മഹാപ്രസ്ഥാനങ്ങളിലെ സാധാരണ പ്രവര്‍ത്തകരാണ്. ഋഷികവിയായ അക്കിത്തം തന്റെ ഉള്‍ച്ചൂടില്‍ ചേര്‍ത്ത് വെച്ച് എം.എ സാറിലെ മനുഷ്യസ്‌നേഹിയെ കേവലഭാഷക്കപ്പുറം പ്രകീര്‍ത്തിക്കുന്നു. കേരളത്തിന്റെ ദേശീയ നവോത്ഥാനത്തില്‍ നിഷ്‌ക്കാമസേവനമനുഷ്ടിച്ച വ്യക്തികളില്‍ നാലുപേര്‍ എന്റെ മുന്നില്‍ തിളങ്ങിനില്‍ക്കുന്നു. കെ.കേളപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്, സി.പി.നമ്പൂതിരി, പിന്നെ എം.എ.കൃഷ്ണന്‍. കേരളത്തെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കാലടി കൊണ്ട് അളന്നവരാണിവര്‍. കേളപ്പനും, വി.ടിക്കുമൊപ്പം നമ്മുടെ എം.എ സാര്‍ കേരളചരിത്രത്തില്‍ ഇടംപിടിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നത് മറ്റാരുമല്ല മഹാകവി അക്കിത്തം. ഈ പ്രസ്താവനയിലൂടെ സംഘപ്രവര്‍ത്തകരായ നാം ബഹുമാനിതരാവുകയാണ്. മാധവ്ജിയും, പരമേശ്വര്‍ജിയുമൊക്കെ നമ്മുടെ അഭിമാനകേന്ദ്രങ്ങള്‍ തന്നെ. ഭാരതഹൃദയത്തെ തൊട്ടറിഞ്ഞ മനശാസ്ത്രപടുവാണ് എം.എ സാറെന്ന് മഹാപണ്ഡിതനായ തുറവൂര്‍ വിശ്വംഭരന്‍ ഓര്‍ത്തെടുക്കുന്നു. കുട്ടികളുടെ സാന്ദീപനി കുഞ്ഞുണ്ണി മാഷെ ബാലഗോകുലത്തിന് സമര്‍പ്പിച്ചതും എം.എ സാറ് തന്നെ. 1104 മകരം നാലിന് ഉത്രട്ടാതി നക്ഷത്രത്തില്‍ കൊല്ലം ജില്ലയിലെ ഐവര്‍കാല പുത്തനമ്പലത്ത് മാവുതോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണനെന്ന പൂര്‍വ്വാശ്രമനാമധാരി ഒരു വരത്തിന് വേണ്ടി മാത്രം പിറവിയെടുത്ത എം.എ സാറിലെത്തുമ്പോള്‍ നമിക്കുന്നു സമസ്ത മാലോകരും.
1984 ലാണ് ഞാന്‍ ആദ്യമായി എം.എ സാറിനെ കാണുന്നത്. എന്റെ പ്രീഡിഗ്രി പഠനകാലം ആരംഭിച്ച അതേ സമയത്ത് സംഘത്തിന്റെ ആദ്യത്തെ കോളേജ് വിദ്യാര്‍ത്ഥിസംഘശിക്ഷാ വര്‍ഗ്ഗിനായി അന്ന് കേസരി പത്രാധിപരായിരുന്ന എം.എ സാറിനെ ദൂരെ നിന്ന് മാത്രം ഒന്ന് കണ്ടു.
പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 92 ല്‍ ബാലഗോകുലത്തിന്റെ സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി ആലുവ ബാലസാംസ്‌കാരകേന്ദ്രത്തില്‍ വന്നപ്പോള്‍ എം.എ മലയാളത്തില്‍ മികച്ച വിജയത്തിളക്കവുമായി വന്ന എന്നെ പി.രാജശേഖര്‍ജി എം.എ സാറിന്റെ അടുത്തെത്തി പരിചയപ്പെടുത്തി. അദ്ദേഹത്തില്‍ നിസ്സംഗത എന്നെ നിരാശനാക്കിയെന്ന് മനസ്സിലാക്കിയ രാജശേഖര്‍ജി സാന്ത്വനമായി പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു നോട്ടം മതി, അധികമൊന്നും പ്രതീക്ഷിക്കണ്ട. ഉള്ളില്‍ ചേര്‍ത്ത് വെച്ചു കഴിഞ്ഞു. ആ നിരീക്ഷണത്തിന്റെ ശക്തി വര്‍ഷങ്ങള്‍ക്കുശേഷം ഞാനറിഞ്ഞു. ഡല്‍ഹിയില്‍ ബാലഗോകുലപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രീധരന്‍മാസ്റ്ററോടൊപ്പം എന്നെ നിയോഗിച്ചപ്പോള്‍ ബാലഗോകുലത്തിന്റെ അഞ്ചാമത് സംസ്ഥാന അദ്ധ്യക്ഷനായി കോഴിക്കോട് രാമകൃഷ്ണാശ്രമം ഹാളില്‍ എന്റെ പേര് ഏകപക്ഷീയമായി തീരുമാനിച്ചപ്പോഴും ബാലഗോകുലം സദസ്സുകളില്‍ നിര്‍ബാധം സംസാരിക്കാന്‍ അനുമതി തന്നപ്പോഴും അന്ന് ഞാന്‍ ആ മനസ്സില്‍ കണ്ട നിസ്സംഗതയുടെ ആന്തരികഭാവം തിരിച്ചറിഞ്ഞു. അടിമുടി സ്‌നേഹം തളിര്‍ത്ത നമ്മമരമാണ് എം.എ സാര്‍ എന്ന് ഈ എളിയ ബാലഗോകുല പ്രവര്‍ത്തകന് മനസ്സിലായി.
എം.എ സാര്‍ ഒരു അശ്വത്ഥപുഷ്പമാണ്. നാലുപാടും ശാഖകള്‍ നീട്ടി തണല്‍ തന്ന് അനുഗ്രഹിക്കുന്ന അശ്വത്ഥവൃക്ഷം, ആല്‍മരം പുണ്യതരമാണല്ലോ. ആല്‍മരം പ്രദക്ഷിണം ശുഭകരവും. ബാലഗോകുലത്തിന്റെ ആഗോളവളര്‍ച്ചക്ക് പിന്നില്‍ ആ തണല്‍ മരം അനുഷ്ഠിച്ച്‌പോരുന്ന തപസ്സ് ചെറുതൊന്നുമല്ല. വേടുകളാവുന്ന ജഡമുടി മണ്ണിലേക്ക് താഴ്ത്തി കുളിര്‍ക്കാറ്റ് വീശി സദാ നമ്മെ ജപിച്ചുകൊണ്ടിരിക്കുന്ന വൃദ്ധനരയാല്‍ നമ്മുടെ പൈതൃക ബോധത്തിന്റെ അതിശക്തമായ അടയാളമെങ്കില്‍ ആ മഹാമതിരേകം എം.എ സാറില്‍ നാം കാണുന്നു. കാലം എത്ര കടന്ന് പോയാലും അവമതിക്കപ്പെടാനാവാത്ത അനിഷേധ്യത ഈ പുഷ്പതുല്യജീവിതത്തിനുണ്ട്. തലമുറകളുടെ വ്യത്യാസം ജീവിതശൈലിയിലുണ്ടാക്കുന്ന വ്യത്യയാനം അഭിരുചിക്കനുസരിച്ചുള്ള പരിണാമം ഇവയൊന്നും ആദര്‍ശത്തിന്റെ അടിസ്ഥാനധാരണകളെ തകിടം മറിക്കാറില്ല. കല്‍ക്കത്തയിലെ ബദ്ധാബസാര്‍ ലൈബ്രറി എം.എ സാറിന് വിവേകാന സേവാ പുരസ്‌കാരം സമ്മാനിച്ച വേളയില്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അധിപന്‍ ഡോ.മുരളീമനോഹര്‍ ജോഷി സാഭിമാനം പ്രഖ്യപിച്ചു. നമ്മുടെ സര്‍ക്കാറും വിദ്യാഭ്യാസ ചിന്തകന്മാരും ഈ മനുഷ്യരെ വിളിച്ചിരുത്തി സാംസ്‌കാിക വിദ്യാഭ്യാസത്തിന് ഒരു രൂപരേഖയുണ്ടാക്കണം. എന്നിട്ട് ആ സര്‍വ്വകലാശാലയുടെ കുലപതിയാക്കി എം.എ സാറിനെ അവരോധിക്കണം. തങ്കലിപികളാല്‍ എഴുതിചേര്‍ക്കേണ്ട ചരിത്രസ്മൃതിയാകണം ഈ വാക്കുകള്‍. വന്‍കരകള്‍ കടന്ന് ബാലഗോകുലം വികസിക്കുമ്പോള്‍ അതിജീവനം കടന്ന് ആസ്വാദകപക്ഷത്തേക്കുയരുമ്പോള്‍ ബാലഗോകുലത്തിന്റെ സര്‍വ്വാധികാരിയായി അമര്ത്വത്തിന് ഹേതുഭൂതന്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് അഭിമാനിക്കാം. ഒരു ഋഷിയെപ്പോലെ എം.എ സാര്‍ കാട്ടിത്തന്നവഴിയില്‍ സ്‌നേഹമുണ്ട്, സാന്ത്വനമുണ്ട്. പുതിയ കാലത്തേക്കുള്ള ദിശാ ദര്‍ശനമുണ്ട്. സംഘത്തിന്റെ താത്വികബോധമുണ്ട്. ക്രൂര താരുണ്യങ്ങള്‍ക്ക് വിളയാടാന്‍ ബാല്യത്തിന്റെ ദൂരദര്‍ശിനി വിട്ട് കൊടുക്കരുത്. എം.എ സാര്‍ നവതി വേളയില്‍ ശിശുക്കള്‍ക്ക് കൂടെ കളിക്കാന്‍, യുവത്വം മദം പൊട്ടിടുമ്പോള്‍ തളക്കാന്‍ താങ്ങായ് തണലായ് നമുക്കൊപ്പമുണ്ടാകാന്‍ ആയുഷ്മാനാകാന്‍ ഒരായിരം ഭാവുക പുഷ്പങ്ങള്‍ വിനമ്രമായി അര്‍പ്പിക്കുന്നു.