1970-74 ല്‍ സംഘദര്‍ശനത്തില്‍ ആകൃഷ്ടനായി മുഴുവന്‍ സമയവും സംഘപ്രചാരണത്തിനായി സമര്‍പ്പിച്ച് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഞാന്‍ പ്രവര്‍ത്തിച്ച കാലം. പൊന്‍കുന്നത്തെ വൈദ്യന്‍ ചേട്ടന്റെ വീടായിരുന്നു താലൂക്ക് കാര്യാലയം. പൊന്‍കുന്നത്ത് നിന്ന് ഒരു ദിവസം ചിറക്കടവ് വഴി ചാമപതാലിലെ ജില്ലാ കാര്യവാഹ് അയ്യപ്പന്‍ ചേട്ടന്റെ വീട്ടില്‍ എത്താന്‍ സന്ധ്യയാകും അതിന് മുന്‍പ് അയ്യപ്പന്‍ ചേട്ടന്റെ സഹോദരി ആ ഭാഗത്ത് സംഘപ്രവര്‍ത്തനത്തിന് മുമ്പ് വന്ന പ്രചാരകരെക്കുറിച്ച് പറഞ്ഞ പേരുകളില്‍ പ്രധാനപ്പെട്ടവര്‍. മാന.ഭാസക്കര്‍ റാവു, സേതുചേട്ടന്‍, എം.എ.സര്‍ എന്നീ പേരുകളുടെ പരാമര്‍ശം വന്നു. കേസരി പത്രാധിപരായി പ്രവര്‍ത്തിക്കുന്ന എം.എ സാറിനെക്കുറിച്ച് ചേച്ചി പ്രത്യേകം ചോദിച്ചറിഞ്ഞു. മുന്‍പറഞ്ഞ പ്രമുഖര്‍ നടന്ന പാതയിലൂടെയാണ് എന്റെ പ്രവര്‍ത്തനം തുടരേണ്ടതെന്ന ഒരു സൂചനയും ചേച്ചി പറഞ്ഞ വാക്കുകള്‍ക്കിടയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. എം.എ സാര്‍ എന്ന ചേച്ചി അന്ന് പറഞ്ഞ ആ പേരിന്റെ ഉടമയുടെ മഹത്വം പില്‍ക്കാലത്തെ പ്രവര്‍ത്തനത്തിലാണ് എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്.
– എന്‍.കെ.സി.നന്മണ്ട – |
1975 ലെ അടിയന്തരാവസ്ഥക്കുശേഷം 1978 മുതല്‍ ബാലഗോകുലത്തിന്റെ ചമതലയില്‍ നിയുക്തനായപ്പോഴാണ് കേസരിയുടെ മുഖ്യപത്രാധിപരായ എം.എ കൃഷ്ണന്‍ എന്ന എം.എ.സാറിനെ കൂടുതല്‍ പരിചയപ്പെടാനായത്. മെലിഞ്ഞ ശരീരം, ശാന്തമായ പ്രകൃതം, ചെറിയ ശബ്ദം നേരായ പുഞ്ചിരി ഇതെല്ലാമാണ്. പ്രത്യക്ഷത്തില്‍ എം.എ.സാറില്‍ മനുഷ്യനെ അളന്ന് തിട്ടപ്പെടുത്തുന്ന കണ്ണും മനസ്സും അദ്ദേഹത്തിന്റെ സവിശേഷമായതായിരുന്നു. കേസരിയുടെ മുഖ്യപത്രാധിപരായിരിക്കുമ്പോള്‍ തന്നെ കേസരിയിലെ ബാലഗോകുലം പംക്തിയെ വികസിപ്പിച്ചത് എം.എ സാറാണ്. കേരളീയ ഗ്രാമഗ്രാമാന്തരങ്ങളിലെ ഗോകുല വികാസം പില്‍ക്കാലത്തെ കേരളീയ നവോത്ഥാന ചരിത്രമായി മാറി.
ഗംഗോത്രിയില്‍ നിന്ന് ചെറുതായി ഒഴുകി സമതലത്തിലെത്തുമ്പോള്‍ മഹാപ്രവാഹമായി മാറുന്ന ഗംഗാനദിയെപോലെ ഗോകുലമെന്ന ചെറിയസങ്കല്‍പ്പത്തിലൂടെ ഏഷ്യയിലെ ഏറ്റവും ബാലപ്രസ്ഥാനമായി മാറ്റിയതിന്റെ പിന്നിലെ ക്രാന്തദര്‍ശി എം.എ.കൃഷ്ണന്‍ എന്ന കേസരി പത്രാധിപരായിരുന്നു. കേരളീയ സമൂഹത്തിന്റെ മനശാസ്ത്രം തന്നെ അദ്ദേഹത്തിന് മാറ്റിവരക്കാന്‍ സാധിച്ചു. അതുപോലെ അദ്ദേഹം കൈവെച്ച മറ്റൊരു രംഗമാണ് തപസ്യ സാഹിത്യവേദി. അടിയന്തരാവസ്ഥയിലെ സാഹിത്യകാരന്മാരുടെ അനൗപചാരികമായ ഒത്തുചേരല്‍ തപസ്യ എന്ന വേദിക്ക് രൂപം കൊടുത്തു. സാഹിത്യകാരന്മാരുടെ വാര്‍ഷികപരിപാടിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത് ബാലഗോകുലാംഗങ്ങളായിരുന്നു. കേരളത്തിലെ പ്രമുഖരായ എല്ലാ സാഹിത്യകാരന്മാരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു. എം.എ.സാറിന്റെ പരിചയവലയത്തില്‍ വന്നവരൊന്നും തന്നെ അദ്ദേഹം മുന്നോട്ട് വെച്ച ആശയത്തില്‍ നിന്നും അധികമൊന്നും മാറിനിന്നിട്ടില്ല. അവരെയെല്ലാം സ്വതസിദ്ധമായ സ്‌നേഹവലയത്തില്‍ അടുപ്പിച്ചു നിര്‍ത്തി.
മനുഷ്യ നിര്‍മ്മാണം
ഉന്നതരായ വ്യക്തികളോട് അവരുടെ നിലവാരത്തില്‍ പെരുമാറുമ്പോഴും സാധാരണക്കാരായ പ്രവര്‍ത്തകരെ മെമെല്ലെ കൈപിടിച്ചുയര്‍ത്താനും അദ്ദേഹം ശ്രദ്ധവെച്ചു. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തകരെ അദ്ദേഹം കേരളത്തിലുടനീളം വിന്യസിച്ചു. ഭാഗവതപുരാണത്തിലൊരു കഥയുണ്ട് വേട്ടാളന്‍ എന്ന ജീവിസഹവേട്ടാളനെ സൃഷ്ടിക്കുന്ന പ്രക്രിയ പുറത്തുനിന്നും സാധാരണപുഴുക്കളെ കടിച്ച് കൊണ്ടുവന്ന് വേട്ടാളന്‍ തന്റെ കൂട്ടിലെത്തിക്കുന്നു. കൂട്ടില്‍ വെച്ച് പുഴുവിന്റെ ചെവിയില്‍ നിരന്തരം ശബ്ദസന്ദേശം നല്‍കുന്നു. കുറെ ദിവസം കഴിയുമ്പോള്‍ ആ പുഴുവും കഴിവുറ്റ വേട്ടാളനെ പോലെ സ്വതന്ത്രമായി പറന്നുയരുന്നു. എം.എ.സാറും സംഘടനക്കാവശ്യമായ യോഗ്യരായ സാധാരണപ്രവര്‍ത്തകരെ കഴിവുറ്റ പ്രതിഭകളായി വളര്‍ത്തിയെടുത്തു.
കളിമണ്ണ്‌കൊണ്ട് രണ്ടു തരം ഇഷ്ടിക കേരളത്തില്‍ ശില്‍പികള്‍ മെനഞ്ഞെടുക്കാറുണ്ട്. ഒന്ന് ചുട്ട ഇഷ്ടിക മറ്റൊന്ന് പച്ച ഇഷ്ടിക. പച്ച ഇഷ്ടിക മഴ നനഞ്ഞാല്‍ കുതിര്‍ന്നു പോകും. ചുട്ട ഇഷ്ടിക മഴ നനഞ്ഞാലും കുതിര്‍ന്ന് പോകില്ല. ജലം സ്വയം വലിച്ചെടുക്കും-കുതിര്‍ന്ന് പോകില്ല. കേരളം മുഴുവന്‍ സംഘടനക്കാവശ്യമായ പ്രതികൂലാവസ്ഥയില്‍ കുതിര്‍ന്ന് പോകാത്ത ചുട്ട ഇഷ്ടികപോലെയുള്ള വ്യക്തിത്വങ്ങളെ എം.എ സാര്‍ എന്ന പ്രതിഭ സൃഷ്ടിച്ചെടുത്തു.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതത്തിലെ ഒരു സംഭവമുണ്ട്. ബംഗാളിലെ ഗ്രാമത്തിലെ ഒരമ്മക്ക് വികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു. മഹാവികൃതിയും മഹാകുസൃതിയായ ലാട്ടു എന്നു പേരുള്ള ആ കുട്ടിയെ അമ്മ ആശ്രമത്തില്‍ കൊണ്ട് വന്ന് പരമഹംസരുടെ മുന്നില്‍ സമര്‍പ്പിച്ചു. ലാട്ടു എന്നു പേരായ ആ കുട്ടിയെ സ്‌നേഹം പകര്‍ന്നു നല്‍കി പരമഹംസന്‍ വളര്‍ത്തി. പില്‍ക്കാലത്ത് രാമകൃഷ്ണാശ്രമത്തിന്റെ മുഴുവന്‍ ചുമതല ഏല്‍പ്പിച്ചുകൊടുക്കാന്‍ കഴിവുള്ള സ്വാമിയായി അദ്ദേഹം വളര്‍ന്നു.
ഇതേപോലെ സാധാരണക്കാരില്‍ നിന്നും നിരവധിപേരെ എം.എ.സാര്‍ കൈപിടിച്ചുയര്‍ത്തിയെടുത്തു. വിവധരംഗങ്ങളില്‍ അവരെ വിന്യസിച്ചു. അവരിലൂടെ കേരളീയ സമൂഹത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. ഭക്തരേയും ഭക്തന്മാരേയും ഭക്തിഗ്രന്ഥങ്ങളേയും അവഹേളിച്ച സമൂഹം അത് മാറ്റി. ഇതിനെല്ലാം അംഗീകാരം നേടികൊടുത്തു. കേരളീയ സമൂഹത്തെ ദ്വാപരയുഗത്തിലേക്കും ശ്രീകൃഷ്ണന്റെ അമ്പാടിയെന്ന സങ്കല്‍പ്പത്തിലേക്കും കൈപിടിച്ചുയര്‍ത്തി സാഹിത്യകാരന്മാരെ ദേശീയ സംസ്‌കാരത്തിലേക്കും അഭിമാനമുള്ളവരാക്കി പരിവര്‍ത്തനം ചെയ്യാനുള്ള കളമൊരുക്കി. കേരളത്തില്‍ മാത്രമല്ല മലയാളികളുള്ള മറ്റു സംസ്ഥാനങ്ങളിലും ഭാരതത്തിനും പുറത്തും ഗോകുലസംസ്‌കാരം എത്തിക്കാനുള്ള ഭാവന അദ്ദേഹം കാഴ്ചവെച്ചു. ഏതു പരിതസ്ഥിതിയിലും പ്രശ്‌നങ്ങളെ നിസ്സംഗമായി നേരിടാനുള്ള മന:സാന്നിദ്ധ്യം അദ്ദേഹത്തിന്റെ സവിശേഷതയാണ്.
കേസരിയിലെയും കാര്യാലയത്തിലെയും മുറിയിലിരുന്നുകൊണ്ട് കേരളത്തിലെയും ഭാരതത്തിലെയും പ്രവര്‍ത്തകരുമായി നിരന്തരമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.
ലളിതമായ ജീവിതം തപസ്സിനുസമാനമായ ജീവിതചര്യകള്‍ ഇതെല്ലാം അദ്ദേഹത്തെ മനുഷ്യ മനസ്സിന്റെ മര്‍മ്മമറിഞ്ഞ മഹാമനീഷിയാക്കി. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും എന്നത് അദ്ദേഹം അന്വര്‍ത്ഥമാക്കി.
എം.എ.സാര്‍ വലിയ പ്രഭാഷകനല്ല, എഴുത്തുകാരനല്ല, വലിയ സഞ്ചാരിയല്ല പക്ഷെ അദ്ദേഹം പച്ചയായ മനുഷ്യത്വമുള്ള മനുഷ്യനായി മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ മന:ശാസ്ത്രജ്ഞനാണ്. സ്വാമി വിവേകാനന്ദന്‍ മഹാമനീഷ്‌കളെ കുറിച്ച് വാക്യം ഉദ്ധരിക്കട്ടെ. ഭാവനയും കഴിവും ഇച്ഛാശക്തിയും ഒത്തിണങ്ങിയ മനുഷ്യന്റെ കരസ്പര്‍ശം കൊണ്ട് ഈ സമൂഹത്തെ ലോകത്തെ മാറ്റി മറിക്കാന്‍ കഴിയും എന്ന് . അത്തരം വ്യക്തിത്വങ്ങള്‍ നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളിലെ പിറവിയാണ്. സ്വാമിജി മേലുദ്ധരിച്ച പ്രഭവശക്തിയുള്ള വ്യക്തിത്വത്തിനുടമയാണ് എം.എ.സാര്‍ എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ നിസ്സംശയം പറയട്ടെ. നവതിയുടെ നിറവിലേക്ക് കാലൂന്നിയ എം.എ.സാറിന് ശതശതപ്രണാമങ്ങള്‍.