എം.എ. സാര്‍ എന്ന തണല്‍ മരം

കാല്‍ നൂറ്റാണ്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 നവംബര്‍ മാസം എറണാകുളം എളമക്കരയിലെ മാധവനിവാസിലെ (ആര്‍ എസ്എസ് സംസ്ഥാന കാര്യാലയം) ഇടുങ്ങിയ മുറിയിലേക്ക് കയറുന്നതിന്റെ ഓര്‍മ്മച്ചിത്രം മായാതെ മനസ്സിലുണ്ട്. ബാലഗോകുലത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ കോട്ടയത്തുനിന്ന് പെട്ടിയും എടുത്തു പോന്നതാണ്. കാര്യാലയത്തിലെത്തി എം.എ കൃഷ്ണന്‍ എന്ന എം.എ സാറിനെ കാണുക എന്നതായിരുന്നു കിട്ടിയിരുന്ന നിര്‍ദ്ദേശം. അതേവരെ കാണാത്ത, എന്നാല്‍ ധാരാളം കേട്ടറിഞ്ഞുട്ടുള്ള എം.എ സാര്‍ എന്ന എം.എ കൃഷ്ണന്റെ മുറിയിലേക്ക്. മേശക്കരികിലെ കസേരയില്‍ കാവിമുണ്ടും വെള്ള ബനിയനും ധരിച്ച ഒരാള്‍. സമീപത്തെ കട്ടിലില്‍ രണ്ടു പേര്‍. മൂവരും സജീവ ചര്‍ച്ചയില്‍. കോട്ടയംകാരായ പ്രചാരകന്മാര്‍ എന്ന നിലയില്‍ മറ്റു രണ്ടു പേരേയും  (കുമ്മനം രാജശേഖരന്‍, വിശ്വം പാപ്പ) അറിയാമായിരുന്നതിനാല്‍ കസേരയില്‍ ഇരിക്കുന്ന ആള്‍ എം.എ സാര്‍ എന്നുറപ്പായി. ചോദ്യമോ ഉത്തരമോ ഒന്നുമില്ല. മറ്റു രണ്ടു പേരോടുമായി, എന്നെക്കുറിച്ച് വിശദമായി ഒരു ചെറു വിവരണം എം.എ സാര്‍ വക.

ഞാന്‍ ആശ്ചര്യപ്പെട്ടു. എന്റെ സംഘടനാ ബന്ധം മാത്രമല്ല, അടുത്തറിയാവുന്നവര്‍ക്കു മാത്രം അറിയാവുന്ന സ്വഭാവത്തിലെ പ്രത്യേകതകള്‍ പോലും കൃത്യമായി പറയുന്നു. ആദ്യമായി മാത്രം കാണുന്ന ഒരാള്‍ എന്നെ എങ്ങനെ ഇത്ര സൂക്ഷമമായി മനസ്സിലാക്കി എന്നത് അത്ഭുതപ്പെടുത്തി. അത്ഭുതം പിന്നീട് ആരാധനയായി. വി.എം. കൊറാത്ത് സാര്‍ ഉള്‍പ്പെടെയുള്ളവര്‍ എം.എ സാറിന്റെ ശിഷ്യന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അഭിമാനവുമായി.

അറിഞ്ഞോ അറിയാതെയോ എം.എ സാര്‍ ജീവിതത്തിന്റെ ഭാഗമായി. ഗോകുലഭാരതി എഡിറ്റു ചെയ്യിച്ചും ബാലസാഹിതി പുസ്തക പ്രകാശന്റെ ചുമതല നല്‍കിയും എന്നിലെ പത്രപ്രവര്‍ത്തകന് ഊടും പാവും നല്‍കി. ജന്മഭൂമിയില്‍ കായികം പേജ് ചെയ്യാന്‍ ആളില്ലാത്തതിന്റെ ബുദ്ധിമുട്ട് എഡിറ്ററായിരുന്ന കുമ്മനം സൂചിപ്പിച്ചപ്പോള്‍ എന്റെ പേര് നിര്‍ദ്ദേശിച്ച് ജന്മഭൂമിയിലേക്ക് പറഞ്ഞുവിട്ടതും എം.എ സാര്‍ തന്നെ. എം.എ സാറിനെ തണലായി കണ്ട് നിഴലായി പത്തു വര്‍ഷത്തോളം ജന്മഭൂമിയിലും കാര്യാലയത്തിലുമായുള്ള ജീവിതം സുകൃതമായിരുന്നു. ഇന്നിപ്പോള്‍ നവതിയിലെത്തിയ ആ ധന്യ ജീവിതമാണ് എന്റെ ജീവിതത്തില്‍ എന്നും എനിക്കും എന്നേപ്പോലെ പലര്‍ക്കും തണലായത്. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ ഒരു വര്‍ഷം നീളുന്ന നവതിയാഘോഷങ്ങള്‍ക്ക് ആരംഭമായിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് നവതിയാഘോഷങ്ങള്‍ക്ക് തുടക്കമായത്.

കേരളം വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടില്ലാത്ത എം.എ സാര്‍ ആര് എന്ന് ചോദ്യം ഉയരുമ്പോഴൊക്കെ മനസ്സിലെത്തുക ബാലഗോകുലം തന്നെ. സമൂഹത്തിന്റെ സംസ്‌കാരവും പാരമ്പര്യവും നഷ്ടപ്പെടാതെയും അതില്‍ അഭിമാനം കൊണ്ട് പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള പരിപാടികള്‍ സാര്‍വത്രികമാക്കാനുമുള്ളതാണ് ബാലഗോകുലത്തിന്റെ സംഘടനാപ്രവര്‍ത്തനം. കുട്ടികളെ സ്‌നേഹിക്കുകയും അവരെ സ്വാഭിമാനികളാക്കുകയും ചെയ്യണമെന്നതാണതിന്റെ കര്‍ത്തവ്യം.

അതുകൊണ്ട് പാശ്ചാത്യ പാഠ്യപദ്ധതിയല്ല ബാലഗോകുലം സ്വീകരിച്ചത്. ക്ലാസില്‍ മലയാളം പറഞ്ഞാല്‍ ശിക്ഷയനുഭവിക്കപ്പെടണമെന്നുള്ള തല്‍പരകക്ഷികളുടെ പുതിയ കാഴ്ചപ്പാട് സാര്‍വത്രികമായ പശ്ചാത്തലത്തില്‍ നാട്ടറിവുകളും നാടന്‍പാട്ടുകളും സ്വാഭിമാനം ജനിപ്പിക്കുന്ന കഥകളും പഴഞ്ചൊല്ലുകളും കഥകളുമായി കുഞ്ഞുണ്ണിമാസ്റ്റര്‍ എന്ന ഭാഷാധ്യാപകന്റെ പാഠ്യവിഷയങ്ങളാണ് ആദ്യം മുതല്‍ സ്വീകരിച്ചത്. ഭഗവദ്ഗീതയും വിവേകാനന്ദസൂക്തങ്ങളും കുട്ടികള്‍ പഠിക്കണമെന്ന് ബാലഗോകുലം നിശ്ചയിച്ചു.

ശ്രീകൃഷ്ണജയന്തി സാര്‍വത്രികവും സാധാരണക്കാരന്റെ ആഘോഷവുമായി മാറിയപ്പോള്‍, ശ്രീകൃഷ്ണവേഷം മാത്രമല്ല, കാവിപതാകയും ഓം എന്ന മുദ്രയും കൃഷ്ണലീലകളും കര്‍മ്മധീരനായ പാര്‍ത്ഥസാരഥിയുടെ തത്വചിന്തകളും സാധാരണക്കാരന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. വീടിനും സ്ഥാപനങ്ങള്‍ക്കും കുട്ടികള്‍ക്കും കൃഷ്ണന്റെ പേരുകള്‍ നല്‍കാന്‍ തുടങ്ങി. ശ്രീകൃഷ്ണവിഗ്രഹം പ്രാര്‍ത്ഥനാമുറിയില്‍ സ്ഥാനംപിടിച്ചു. ശ്രീകൃഷ്ണഗാനങ്ങളും വിവിധ കലകളും ജനഹൃദയത്തെ പുളകം കൊള്ളിക്കുന്നുവെങ്കില്‍ അതില്‍ ശ്രീകൃഷ്ണചൈതന്യം നിറഞ്ഞുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാണ്.

ബാലികാബാലന്മാര്‍ക്ക് ആരാധ്യനായ കളിത്തോഴനായി പകരം വെക്കാന്‍ ലോകചരിത്രത്തില്‍ മറ്റൊരു കഥാപാത്രമില്ല. കേരളത്തിന്റെയും ഭാരതത്തിന്റെയും അതിര്‍ത്തി കടന്ന് ബാലഗോകുലം വളര്‍ന്നുവെങ്കില്‍, ഒരു പ്രധാന കാരണം ശ്രീകൃഷ്ണന്‍ ആരാധ്യനായതുകൊണ്ടാണ്. ശ്രീകൃഷ്ണജയന്തിയിലൊതുങ്ങിനില്‍ക്കുന്നതല്ല ബാലഗോകുല പരിപാടികള്‍. മറ്റെങ്ങുമില്ലാത്ത ഒരു പ്രവര്‍ത്തനശൈലി അതിനുണ്ട്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കുട്ടികളെ കേന്ദ്രീകരിച്ചാണ്. അതിന്റെ പ്രധാന പരിപാടി ആഴ്ചതോറും നടക്കുന്ന സാംസ്‌കാരിക ക്ലാസുകളാണ്. പ്രവര്‍ത്തകര്‍ മുതിര്‍ന്നവരാണെങ്കിലും പരിപാടികളെല്ലാം കുട്ടികള്‍ക്കുവേണ്ടിയാണ്. കലോത്സവങ്ങള്‍ക്കും ബാലമേളകള്‍ക്കുമപ്പുറം, സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും കുട്ടികളുടെ സാംസ്‌കാരിക ഉന്നതിക്ക് ഉതകുന്നവ മാത്രമാണ്.

അറിഞ്ഞോ അറിയാതെയോ എം.എ സാര്‍ ജീവിതത്തിന്റെ ഭാഗമായി. ഗോകുലഭാരതി എഡിറ്റു ചെയ്യിച്ചും ബാലസാഹിതി പുസ്തക പ്രകാശന്റെ ചുമതല നല്‍കിയും എന്നിലെ പത്രപ്രവര്‍ത്തകന് ഊടും പാവും നല്‍കി   

പി ശ്രീകുമാർ (ലേഖകൻ )

പുസ്തകപ്രസിദ്ധീകരണമാണെങ്കിലും സാംസ്‌കാരിക പരീക്ഷകളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ. കുട്ടികളുടെ ഭാവി സ്വരൂപിക്കുന്ന  സാംസ്‌ക്കാരിക പ്രസ്ഥാനം, മൂല്യബോധമില്ലാത്ത നവീന വിദ്യാഭ്യാസ തന്ത്രങ്ങള്‍ക്കിടയ്ക്ക് നിന്ന് കുട്ടികള്‍ക്ക് ഒരു ദിവസത്തെ മോചനം നല്‍കുന്നു എന്നതല്ല പ്രധാനം. എന്താണ് ഭാരതമെന്നും എന്താണ് പാരമ്പര്യമെന്നും, എന്താണ് സംസ്‌കാരമെന്നും, ആരൊക്കെയാണ് പൂര്‍വികരെന്നും, എന്താണ് ആത്മാഭിമാനമെന്നും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. കേസരി’യുടെ ബാലപംക്തിയായി തുടങ്ങിയ ബാലഗോകുലം ഇന്ന് അത്രയേറെ വളര്‍ന്ന് യുനിസെഫിന്റെ വരെ അംഗീകാരം നേടിയ കുട്ടികളുടെ സാംസ്‌ക്കാരിക പ്രസ്ഥാനമായി, ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും ആസൂത്രണവും നടത്തിപ്പും സമര്‍ത്ഥമായി നിശ്ശബ്ദമായി നിര്‍വ്വഹിച്ചത് എം. എ. സാര്‍ ആയിരുന്നു എന്ന് മനസ്സിലാക്കി വിലയിരുത്തുമ്പോഴാണ് അദ്ദേഹം ആരെന്ന് രേഖപ്പെടുത്താനാകുക.

എന്താണ് ഭാരതമെന്നും എന്താണ് പാരമ്പര്യമെന്നും, എന്താണ് സംസ്‌കാരമെന്നും, ആരൊക്കെയാണ് പൂര്‍വികരെന്നും, എന്താണ് ആത്മാഭിമാനമെന്നും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു

സംഘ പരിവാറിനെ കേരളത്തില്‍ അടയാളപ്പെടുത്തുന്ന സംഘടനയായ ബാലഗോകുലത്തിന്റെ സജീവമായ പ്രവര്‍ത്തന നൈരന്തര്യമാകാം, എഴുത്തുകാരുടെയൊരു താദൃശ്യം സംഘടനയുണ്ടാക്കാന്‍ എം.എ സാറിനെ പ്രേരിപ്പിച്ചത്. അമൃതഭാരതി (സംസ്‌കൃതഭാഷാ പ്രചരണത്തിന്) ബാലസാഹിതി പ്രകാശന്‍, മയില്‍പ്പീലി ബാലമാസിക, വാര്‍ത്തികം, ജന്മാഷ്ടമി പുരസ്‌ക്കാരം, വി.എം. കൊറാത്ത് സ്മാരക പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, ദുര്‍ഗാദത്ത് പുരസ്‌കാരം, കുഞ്ഞുണ്ണി സമ്മാനം, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം എന്നിങ്ങനെ പലവിധത്തിലും എം.എ സാറിന്റെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു.

അനാരോഗ്യം കാരണം പതിറ്റാണ്ടായി മാധവനിവാസിലെ മുറിയിലിരുന്നാണ് എം.എ സാറിന്റെ സംഘടനാ പ്രവര്‍ത്തനം. ഒരിടത്തിരുന്നുകൊണ്ട്, അവശ്യംവേണ്ടവരെ കണ്ടറിഞ്ഞ് പ്രചോദിപ്പിച്ച് കര്‍മ്മനിരതരാക്കുക എന്ന പിന്നണി നേതാവിന്റെ പങ്കാണ് നിര്‍വ്വഹിക്കുന്നതെങ്കിലും എം.എ.സാറിന്റെ ശിഷ്യന്മാര്‍ എന്ന അഭിമാനബോധമാണ് പ്രവര്‍ത്തകരുടെ മനസ്സിന്റെ മുന്നണിയായി നില്‍ക്കുന്നത്.

പി. ശ്രീകുമാര്‍

കടപ്പാട് : ജന്മഭൂമി ദിനപ്പത്രം

Spread the love with a Social Share